ലാഭവിഹിതം നല്‍കിയില്ല; RDX സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്
|ലാഭവിഹിതം നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന പരാതിയിലാണ് നടപടി
കൊച്ചി: ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കളായ സോഫിയ പോളിനും ജെയിംസ് പോളിനുമെതിരെ കേസ്. വഞ്ചനക്കുറ്റം, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി തൃപ്പൂണിത്തുറ പൊലിസാണ് കേസ് എടുത്തത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി. ലാഭവിഹിതം നൽകാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാം നൽകിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി.
സോഫിയ പോളിന്റെയും ജെയിംസ് പോളിന്റെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന നിർമാണക്കമ്പനിയാണ് ആർഡിഎക്സ് പുറത്തിറക്കിയത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആൻ്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രം മികച്ച വിജയമായിരുന്നു. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചത്.