വിദ്വേഷ പ്രസംഗം; എസ്.എൻ.ഡി.പി നേതാവിനെതിരെ കേസ്
|മുസ്‍ലിംകൾ ഈഴവരുടെ ശത്രുക്കളാണെന്നായിരുന്നു പ്രദീപ്‌ലാലിന്റെ ആരോപണം.
ആലപ്പുഴ: വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ എസ്.എൻ.ഡി.പി നേതാവിനെതിരെ കേസെടുത്തു. കായംകുളം മുസ്‌ലിം ഐക്യവേദി ചെയർമാന്റെ പരാതിയിലാണ് കേസ്. എസ്.എൻ.ഡി.പി കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാലിനെതിരെയാണ് കേസെടുത്തത്.
മുസ്‍ലിംകൾ ഈഴവരുടെ ശത്രുക്കളാണെന്നായിരുന്നു പ്രദീപ്‌ലാലിന്റെ ആരോപണം. എസ്.എൻ.ഡി.പിയുടെ ശക്തി കണ്ട് മുസ്‌ലിംകൾ പിന്തുണയുമായി വരുന്നുണ്ടെന്നും പ്രദീപ്‌ലാൽ പറഞ്ഞു. എസ്.എൻ.ഡി.പി ഘോഷയാത്രാ കമ്മിറ്റിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രദീപിന്റെ വിദ്വേഷ പരാമർശങ്ങൾ.
വർഗീയ കലാപമുണ്ടായ നാടാണ് കായംകുളമെന്നും ഇയാൾ പറഞ്ഞിരുന്നു. ഈഴവ- മുസ്‌ലിം സംഘർഷമായിരുന്നു അത്. അന്ന് നിരവധി പേർ ആക്രമണം നേരിട്ടു. ഏത് നിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള നാടാണ് കായംകുളം. അവിടെ നമ്മുടെ സംഘടനാശേഷി ശക്തിപ്പെടുത്തണമെന്നും പ്രദീപ്‌ലാൽ ആവശ്യപ്പെട്ടിരുന്നു.
എസ്.എൻ.ഡി.പി കായംകുളത്ത് സ്ഥലം കൈയേറിയിട്ടുണ്ടെന്നും പ്രദീപ് പറഞ്ഞു. കൈയേറിയ ഭൂമി സർക്കാർ പതിച്ചുനൽകിയില്ല. എല്ലാ മതക്കാരും കൈയേറിയപ്പോൾ എസ്.എൻ.ഡി.പിയും കൈയേറി. ഈ ഭൂമിയിലാണ് നഗരത്തിൽ ഓഡിറ്റോറിയം പണിതതെന്നും പ്രദീപ്‌ലാൽ പറഞ്ഞു.
ഡി.സി.സി അംഗം പനക്കൽ ദേവരാജൻ അടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു എസ്.എൻ.ഡി.പി നേതാവിന്റെ പരാമർശങ്ങൾ. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും വിവിധ സ്റ്റേഷനുകളിലും ജില്ലാ പൊലീസ് മേധാവിക്കും ഡി.ജി.പിക്കും പരാതി ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു പ്രദീപ്‌ലാൽ.