പ്രിൻസിപ്പൽ കാലുപിടിപ്പിച്ചുവെന്ന് പരാതി നൽകിയ വിദ്യാർഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസെടുത്തു
|കോളേജ് അധികൃതരുടെ പരാതിയിൽ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്
കാസർകോട് ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു എന്ന് പരാതി നൽകിയ വിദ്യാർഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ്. രണ്ടാംവർഷ ഇക്കണോമിക്‌സ് ബിരുദവിദ്യാർഥി മുഹമ്മദ് സനദിനെതിരെയാണ് കാസർകോട് വനിതാ പൊലിസ് കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിൽ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ് രംഗത്തുവന്നിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നായിരുന്നു പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെട്ടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞിരുന്നു. വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
കൊവിഡ് പ്രോട്ടോകോൾ പാലിക്കത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പ്രിൻസിപ്പൽ ഡോ.എം. രമ നേരത്തെ പറഞ്ഞിരുന്നത്. വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു. എംഎസ്എഫിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങളിൽ സംഭവം കാണാമെന്നാണ് എംഎസ്എഫ് പറഞ്ഞത്. എന്നാൽ സിസിടിവി കേടായതിനാൽ ദൃശ്യം ലഭിക്കില്ലെന്നാണ് പ്രിൻസിപ്പൽ പറഞ്ഞു.