'എല്ലാവരെയും ഭയപ്പെടുത്തി ജീവിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട, സുധാകരനെതിരെയുള്ള കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും'; വി.ഡി സതീശൻ
|'സത്യസന്ധരായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കുന്നത്'
ആലുവ: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെയുള്ള കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അതിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു
'സുധാകരൻ എം.പി അല്ലാത്ത കാലത്താണ് പബ്ലിക് ഫിനാൻസ് കമ്മിറ്റിയിൽ അംഗമായിരുന്നെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പറയുന്നത്. അപ്പോൾ തന്നെ ഇത് കള്ളക്കേസ് ആണെന്ന് വ്യക്തമാണെന്നും സതീശൻ പറഞ്ഞു. സുധാകരന് പങ്കില്ലാത്ത കേസിൽ സത്യസന്ധരായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കുന്നത്. കഴിഞ്ഞദിവസം എനിക്കെതിരെ കേസെടുത്തു. ഇപ്പോൾ കെ.പി.സി.സി അധ്യക്ഷനെതിരെയും കേസെടുത്തു. എല്ലാവരെയും ഭയപ്പെടുത്തി ജീവിക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട'. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. കേസിനെ കുറിച്ച് പഠിച്ച് നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ സുധാകരൻ അറിയിച്ചു. ഐജി ലക്ഷമണിനെയും റിട്ടയേർഡ് ഡിഐജി എസ് സുരേന്ദ്രനെയും വഞ്ചനാ കുറ്റം ചുമത്തി കേസിൽ പ്രതി ചേർത്തു.
പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ വെളളിയാഴ്ചയാണ് ക്രൈം ബ്രാഞ്ച് സംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വഞ്ചനാ കുറ്റം, വ്യാജ രേഖ ചമയ്ക്കൽ അടക്കമുളള വകുപ്പുകളാണ് സുധാകരനെതിരെ ചുമത്തിയിട്ടുളളത്. ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം സുധാകരന് നോട്ടീസും നൽകിയിരുന്നു. ബുധനാഴ്ച ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് കെ.സുധാകരൻ അറിയിച്ചു. കേസിനെ കുറിച്ച് പഠിച്ച് നിയമപരമായി മുന്നോട്ട് പോകാനാണ് കെ പിസിസി അധ്യക്ഷന്റെ തീരുമാനം.
സുധാകരനെ പ്രതി ചേർത്തിന് പിന്നാലെയാണ് ഐജി ലക്ഷ്മണിനെയും റിട്ടയേർഡ് ഡിഐജി എസ് സുരേന്ദ്രനെയും ക്രൈം ബ്രാഞ്ച് സംഘം പ്രതിയാക്കി. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുളളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്വേഷണസംഘം എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ സമർപ്പിച്ചു. ഐജി ലക്ഷ്മണും റിട്ടയോർഡ് ഡിഐജി എസ് സുരേന്ദ്രനും പരാതിക്കാരിൽ പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന കണ്ടെത്തലാണ് ക്രൈം ബ്രാഞ്ച് നടത്തിയിരിക്കുന്നത്. വിവാദത്തിൽ മാസങ്ങളോളം സസ്പെൻഷനിൽ കഴിഞ്ഞ ലക്ഷ്മണിനെ സമീപ കാലത്താണ് സർക്കാർ സര്‍വീസിൽ തിരിച്ചെടുത്തത്.