Kerala
nasar_tanur boat owner
Kerala

ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി; ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നു

Web Desk
|
9 May 2023 6:48 AM GMT

ജീവനക്കാരെ പുഴയിൽ കാണാതായെന്ന സംശയം പോലീസ് തള്ളി. നാസറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോധപൂർവമായ നരഹത്യയെന്ന് മലപ്പുറം എസ്പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. 302 ഐപിസി പ്രകാരമാണ് കോടതിക്ക് റിപ്പോർട്ട് കൊടുക്കുക. നാസറിനെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പും തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ഒപ്പം കേസുമായി ബന്ധപ്പെട്ട് ബോട്ടിന്റെ വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലുള്ള സാങ്കേതിക വിദഗ്ധർ അടങ്ങുന്ന ടീം വരുംദിവസങ്ങളിൽ ബോട്ടിൽ പരിശോധന നടത്തുമെന്നും എസ്പി വ്യക്തമാക്കി. ബോട്ടിന്റെ ഡ്രൈവർ ദിനേശ് എന്നയാളടക്കമുള്ള ജീവനക്കാർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റും വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് എസ്പി പറഞ്ഞു.

രണ്ടുജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ജീവനക്കാരെ പുഴയിൽ കാണാതായെന്ന സംശയം പോലീസ് തള്ളി. നാസറിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഇന്നാണ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തിനു പിന്നാലെ ബോട്ടുടമ നാസറും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. നാസർ നിലവിൽ മലപ്പുറം പോലീസ് സ്റേഷനിലാണുള്ളത്. താനൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു എങ്കിലും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മലപ്പുറത്തേക്ക് മാറ്റുകയായിരുന്നു.

Similar Posts