Kerala
Case against the hotel owner for Workers died of suffocation inside the garbage tank kozhikode
Kerala

മാലിന്യ ടാങ്കിനുള്ളിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലുടമയ്ക്കെതിരെ കേസ്

Web Desk
|
31 May 2024 4:22 PM GMT

പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്.

കോഴിക്കോട്: കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമക്കെതിരെ കേസ്. അസ്വഭാവിക മരണത്തിന് ചേവായൂർ പൊലീസാണ് കേസ് എടുത്തത്.

കോവൂർ ഇരിങ്ങാടൻപള്ളിയിൽ പ്രവർത്തനം അവസാനിപ്പിച്ച ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ശ്വാസംമുട്ടി മരിച്ചത്. കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ഇരിങ്ങാടൻപള്ളി കാളാണ്ടിതാഴത്തെ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ എത്തിയതായിരുന്നു തൊഴിലാളികൾ. 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഹോട്ടലിന്റേത്. ഇതിൽ രണ്ടടിയോളം മാലിന്യമുണ്ടായിരുന്നു.

ടാങ്കിൽ ഇറങ്ങിയ ഉടനെ കുഴഞ്ഞു‌വീണ ആദ്യത്തെ തൊഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനെടെ കൂടെ ഉണ്ടായിരുന്നയാളും അപകടത്തിൽപ്പെടുകയായിരുന്നു. ശ്വാസംമുട്ടി കുഴഞ്ഞുവീണ ഇരുവരേയും നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സംഘമെത്തി പുറത്തെടുത്തു.

തുടർന്ന് ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാങ്കിന്റെ അശാസ്ത്രീയ നിർമാണവും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.



Similar Posts