അഖിലക്കെതിരെ കേസെടുത്തത് ജനാധിപത്യ കേരളത്തിന് നാണക്കേട്: കെ.യു.ഡബ്ല്യു.ജെ
|എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിലാണ് മാധ്യമപ്രവർത്തകക്കെതിരെ പൊലീസ് കേസെടുത്തത്.
കൊച്ചി: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പറഞ്ഞു. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും കെ.യു.ഡബ്ല്യു.ജെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്കെതിരെ കെ.എസ്.യു നേതാവ് ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.