Kerala
പ്രകോപന മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ കേസ്
Kerala

പ്രകോപന മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ കേസ്

Web Desk
|
24 May 2022 2:26 AM GMT

മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്. എഫ്ഐആറിന്റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചിരിക്കുകയാണ്

ആലപ്പുഴയിൽ നടന്ന പാർട്ടി റാലിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കൾക്കെതിരെ കേസ്. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവർ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പർധ വളർത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നത്. എഫ്ഐആറിന്റെ പകർപ്പ് മീഡിയവണ്ണിന് ലഭിച്ചിരിക്കുകയാണ്.

കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ശനിയാഴ്ച നടന്ന റാലിയിൽ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തത് ഇയാളായിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയിൽ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഈരാറ്റുപേട്ടയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.

അതേസമയം, കേരളത്തിൽ ഉയരാൻ പാടില്ലാത്ത മുദ്രാവാക്യമാണ് പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആരാണ് മുദ്രാവാക്യം എഴുതിയതെന്നും കുട്ടിയെ ആരാണ് പഠിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഉപതെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുടെ വോട്ട് ഞങ്ങൾക്ക് വേണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും ഭരണപക്ഷം അതിനെതിരെ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളുടെ മുന്നിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ദുർബലനാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



Case filed against Popular Front district leaders for chanting provocative slogans in Alappuzha.

Similar Posts