Kerala
A case was filed against Sylvie Maxi Mena
Kerala

മേതിൽ ദേവികക്കെതിരേ അപകീർത്തി പ്രചരണം; സിൽവി മാക്‌സി മേനക്കെതിരെ കേസെടുത്തു

Web Desk
|
8 May 2024 11:45 AM GMT

ദി ക്രോസ് ഓവറിനെ കുറിച്ച് അവരുന്നയിച്ച എല്ലാ വാദങ്ങളും കളവാണെന്ന് മേതിൽ ദേവിക

എറണാകുളം: പ്രശസ്ത നർത്തകി ഡോക്ടർ മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്ററി താൻ സൃഷ്ടിച്ച ഒരു നൃത്തരൂപത്തിന്റെ ആശയം മോഷ്ടിച്ചതാണെന്ന് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സിൽവി മാക്സി മേന എന്ന എൻ.ഐ.എസ്.എച്ച് അധ്യാപികക്കെതിരെ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തു.

ദി ക്രോസ്ഓവർ എന്ന തൻറെ ഡാൻസ് ഡോക്യുമെന്ററിക്ക് സിൽവി മാക്‌സി മേന അവർ ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന നൃത്തരൂപവുമായ് യാതൊരു ബന്ധവും ഇല്ല. അവരുടേത് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) ഉപയോഗിച്ച് പലരും ചെയ്യുന്നപോലെ പാട്ടിനൊത്ത് ചെയ്യുന്ന, എന്നാൽ മോഹിനിയാട്ടത്തിൻറെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണ്. റിലീസ് ചെയ്യാത്ത തൻറെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്നു പോലും അറിയാതെ ദി ക്രോസ് ഓവറിനെ കുറിച്ച് അവരുന്നയിച്ച എല്ലാ വാദങ്ങളും കളവാണ്. അവരേയോ അവരുടെ സൃഷ്ടികളെ കുറിച്ചോ തനിക്ക് യാതൊരു മുൻപരിചയവും ഇല്ല. ബോധപൂർവം ഇത്തരത്തിൽ കളവായ പ്രചരണം നടത്തിയത് വഴി തനിക്ക് അപകീർത്തി ഉണ്ടായി എന്നും ചൂണ്ടിക്കാട്ടി മേതിൽ ദേവിക നൽകിയ ഹരജിയിൽ കോടതി പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു കണ്ടു പ്രതിക്കെതിരെ സമൻസ് അയക്കാൻ ഉത്തരവിട്ടു.

മൂന്നു പതിറ്റാണ്ടായ് നർത്തകി, നൃത്തധ്യാപിക, ഗവേഷക, സോദാഹരണ പ്രഭാഷക തുടങ്ങി അന്തർദേശിയ നിലയിൽ പ്രശസ്തയായ ദേവികയുടെ മോഹിനിയാട്ടം എന്ന കലാരൂപത്തിലുള്ള സൃഷ്ടികൾ കേൾവി പരിമിതരിലേക്ക് എത്തിക്കാനുള്ള നൂതന സംരംഭമാണ് ദി ക്രോസ്ഓവർ. ഐ.എസ്.എൽ ഒരു കോപ്പിറൈറ്റഡ് ഭാഷ അല്ലെന്നും ഐ.എസ്.എൽ ഉപയോഗിച്ച് സർഗ്ഗാത്മകസൃഷ്ടികൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു.

സിൽവി മാക്‌സി അവകാശപ്പെടുന്ന സൃഷ്ട്ടിയുമായി യാതൊരു സമാനതകളുമില്ലാത്ത തൻറെ ആവിഷ്‌കാരത്തെ മോഷണം എന്ന് ആരോപിക്കുക വഴി തനിക്കു അപകീർത്തി ഉണ്ടായി എന്ന് ഹരജിയിൽ പറയുന്നു. ക്രോസ്ഓവറിന്റെ ടീസർ നടൻ മോഹൻലാലും, ഗോപിനാഥ് മുതുകാടും തങ്ങളുടെ ഫേസ്ബുക്ക് പേജിലാണു പുറത്തിറക്കിയത്.

Similar Posts