Kerala
തെരുവ് നായയോട് ക്രൂരത; ഇരുമ്പുവടികൊണ്ട് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ കേസ്
Kerala

തെരുവ് നായയോട് ക്രൂരത; ഇരുമ്പുവടികൊണ്ട് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ കേസ്

Web Desk
|
18 Jun 2022 5:16 AM GMT

കണ്ടുനിന്നവരെല്ലാം തടഞ്ഞിട്ടും അയാൾ മർദനം തുടരുകയായിരുന്നു

തിരുവനന്തപുരം: തെരുവ് നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെ.എസ്.ഇ.ബിയിലെ ഡ്രൈവർക്കെതിരെ കേസ്. ഡ്രൈവർ മുരളിക്കെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി വൈദ്യുതി ഭവനിലാണ് സംഭവം. പീപ്പിൾ ഫോർ അനിമൽസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ കാർ ഡ്രൈവറായി ജോലി ചെയ്യുന്ന മുരളി ഇരുമ്പ് വടി കൊണ്ടു നായയെ തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. കണ്ടുനിന്നവരെല്ലാം അടിക്കരുതെന്ന് പറഞ്ഞിട്ടും അയാൾ മർദനം തുടരുകയായിരുന്നു. മുരളി നായയെ അടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കാറുകളുടെ ബമ്പർ കടിക്കുന്നതുകൊണ്ടാണ് മർദിച്ചതെന്നായിരുന്നു മുരളിയുടെ മൊഴി. ഇയാൾക്കെതിരെ പീപ്പിൾ ഫോർ അനിമൽസ് വൈദ്യുതി ഭവൻ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.

പീപ്പിൾ ഫോർ അനിമൽസിന്റെ സെക്രട്ടറി ലത ഇന്ദിരയും റെസ്‌ക്യൂ ടീം അംഗങ്ങളായ ഉണ്ണിയും അജിത്തുമാണ് ചോരയൊലിപ്പിച്ച് കിടക്കുന്ന നായയെ ആശുപത്രിയിലെത്തിക്കുന്നത്. ഇവർ എത്തിയപ്പോൾ തല പൊളിഞ്ഞ് അടി കൊണ്ടു ദേഹം മുഴുവൻ നീര് വന്ന് വീർത്തും കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു നായ. ജഗതിയിലുള്ള എ.ആർ.എം ആശുപത്രിയിലാണ് നായയെ എത്തിച്ചത്. തലയിലേറ്റ അടി കാരണം തലച്ചോറിൽ വൻ തോതിൽ ക്ഷതം ഏറ്റിട്ടുണ്ടെന്നും ഇടതു കണ്ണ് തകർന്നിട്ടുണ്ടെന്നും രക്തം വരുന്നത് നിൽക്കാത്തതിനാൽ കണ്ണ് ശസ്ത്ര ക്രിയ ചെയ്തു മാറ്റണെമെന്നും ഡോക്ടർമാർ അറിയിച്ചതായും പീപ്പിൾ ഫോർ അനിമൽസ് അംഗങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അടിയന്തിര ചികിത്സയ്ക്ക് ശേഷം നായയെ പി.എഫ്.ഐ ഷെൽട്ടറിലേക്ക് മാറ്റി.

Similar Posts