'രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് കേസ്, ഹൈക്കോടതിയില്‍ അപ്പീൽ ഫയൽ ചെയ്യും'; മുഹമ്മദ് ഫൈസൽ എം.പി
|മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലില്‍ തടവില്‍ പാര്‍പ്പിക്കും
കണ്ണൂര്‍: രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി ഉണ്ടായ കേസാണ് തനിക്കെതിരെയുള്ളതെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. ജനപക്ഷത്തു നിന്നുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു. അതിനിടെ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ കണ്ണൂരിലെത്തിച്ചു. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് മുഹമ്മദ് ഫൈസൽ എം.പിയെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗ്ഗമാണ് കണ്ണൂർ സെൻട്രൽ ജയിൽ എത്തിക്കുന്നത്.
മുഹമ്മദ് ഫൈസലിനെ കണ്ണൂർ സെൻട്രൽ ജയിലില്‍ തടവില്‍ പാര്‍പ്പിക്കും. എം.പിയുമായി പൊലീസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. എൻ.സി.പി നേതാവായ മുഹമ്മദ് ഫൈസലിനെ 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അടിപിടിക്കേസിലാണ് വിധി വന്നിരിക്കുന്നത്. മുൻ കോൺഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.