Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Web Desk
|
28 March 2022 1:02 AM GMT

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.

ആലുവ പൊലീസ് ക്ലബ്ബില്‍ രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ദിലീപിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം പുതിയ തെളിവുകള്‍ കൂടി ലഭിച്ച പശ്ചാത്തലത്തിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ചതിന്‍റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം. എഴുതി തയാറാക്കിയ ചോദ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടുക. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക. ദിലീപിന്‍റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടടക്കം ചോദ്യം ചെയ്യലില്‍ ആധാരമാക്കും.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടും. ദിലീപ് ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. ക്രൈംബ്രാഞ്ച് എസ്.പി സോജനും ഡി.വൈ.എസ്.പി ബൈജു പൗലോസിന്‍റെയും നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിന് പുറമേ കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 15 വരെയാണ് കേസില്‍‌ തുടരന്വേഷണത്തിന് കോടതി സമയം അനുവദിച്ചിട്ടുള്ളത്.

വധ ഗൂഢാലോചന കേസ്; ദിലീപിന്‍റെ ഹരജി ഇന്ന് പരിഗണിക്കും

വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകനായ സിദ്ദാര്‍ത്ഥ് അഗര്‍വാളാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നുള്ളതാണ് ദിലീപിന്‍റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തെളിവുകൾ നശിപ്പിച്ചുവെന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്.



Similar Posts