നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഉടൻ ചോദ്യം ചെയ്യും
|കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഹരജിയിൽ ദിലീപ് വ്യക്തമാക്കി. അതേസമയം ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക.
നടിയെ അക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തനിക്കെതിരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് ദിലീപ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ദിലീപിന്‍റെ കയ്യിൽ നടിയെ അക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്ന് ദിലീപ് വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. ഈ മാസം 20 ന് ഹരജിക്കുമേൽ വിശദമായ വാദം നടക്കുമെന്നാണ് വിവരം.