Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ സുഹൃത്ത് വി.ഐ.പി ശരത്തിനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ സുഹൃത്ത് വി.ഐ.പി ശരത്തിനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

ijas
|
30 March 2022 1:18 AM GMT

ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലില്‍ വി.ഐ.പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി. ദിലീപിന്‍റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

രണ്ട് ദിവസങ്ങളിലായി ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ഇന്ന് വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തും. കേസില്‍ ദിലീപിനെ രണ്ട് ദിവസങ്ങളിലായി 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വധശ്രമ ഗുഡാലോചന കേസില്‍ അന്വേഷണസംഘം ശരത്തിനെ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ദിലീപുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നാണ് ശരത്തിന്‍റെ മൊഴി. ബാലചന്ദ്രകുമാറിനെയും ശരത്തിനെയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ബിസിനസ്സ് പങ്കാളിയെ അടക്കം വരും ദിവസങ്ങളില്‍ വിളിച്ച് വരുത്തിയേക്കും. ഇന്നലെ ദിലീപിനെയും ബാലചന്ദ്രകുമാറിനെയും മൂന്ന് മണിക്കൂറോളം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങളെല്ലാം ദിലീപ് നിഷേധിച്ചു. ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ആവര്‍ത്തിച്ചു. വധ ഗുഡാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയില്‍ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.

അതിനിടെ വധ ഗൂഡാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജിയിൽ ഇന്നും വാദം തുടരും. ഇന്നലെ ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം പൂര്‍ത്തിയായിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചക്ക് 1.45 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഡാലോചന കേസ് എന്നാണ് ദിലീപിന്‍റെ വാദം. കേസിലെ മുഴുവന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നേരത്തെ കൈമാറുകയാണെന്നും ദിലീപ് ആരോപിക്കുന്നു. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തെളിവുകൾ നശിപ്പിച്ചു എന്ന വാദം ദിലീപ് നിഷേധിച്ചിട്ടുണ്ട്.

Case of assault on actress; Dileep's friend Sarath will be questioned by the crime branch today

Similar Posts