നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് സമര്‍പ്പിച്ചേക്കും
|അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചേക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചു. മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന പരാതിയിൽ എഡിജിപി ഇന്ന് വിശദീകരണം നൽകും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഹാക്കർ സായ്ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രിൽ 15ന് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി തീർപ്പാക്കിയായിരുന്നു കോടതി ഉത്തരവ്. എന്നാൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജി കോടതിയുടെ പരിഗണനയിലുള്ള കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും സമർപ്പിച്ചേക്കും.
കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് നല്കിയ വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമർശത്തെ തുടർന്ന് അന്വോഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ്. ശ്രീജിത്ത് ഇന്ന് വിശദീകരണം നല്‍കും. അന്യേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചുവെന്ന പരാതിയിൽ വിചാരണ കോടതിയാണ് വിശദീകരണം നൽകാൻ നിർദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹാക്കർ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.