നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ ഹരജി ഇന്ന് സുപ്രിം കോടതിയിൽ
|കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും സർക്കാരിന്‍റെ അപ്പീലിലുണ്ട്
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും സർക്കാരിന്‍റെ അപ്പീലിലുണ്ട്. അടുത്ത മാസം അവസാനത്തോടെ വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപും സുപ്രീം കോടതി യിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സാക്ഷികളിൽ ഇനി ഒരാളെ മാത്രമാണ് വിസ്തരിക്കാനുള്ളതെന്നും വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. വിചാരണ നീട്ടാൻ സർക്കാർ ആവശ്യപ്പെടുന്നത് ജഡ്ജി മാറുന്നതിനായാണെന്നും ഹരജിയിൽ ആരോപണമുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ നെയ്യാറ്റിൻകര ബിഷപ്പിന് ബന്ധമില്ലെന്ന് രൂപത അറിയിച്ചു. ദിലീപുമായോ ആരോപണമുന്നയിച്ച വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല. ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്നും നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചത്.