നടിയെ ആക്രമിച്ച കേസ്; വിചാരണ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സുപ്രിം കോടതിയെ സമീപിച്ചേക്കും
|ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം
നടിയെ അക്രമിച്ച കേസിൽ വിചാരണ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സുപ്രിം കോടതിയെ സമീപിച്ചേക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.ഇക്കാര്യത്തിൽ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം.പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വേഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ബാലചന്ദ്രകുമാറിനെ സാക്ഷിയായി പരിഗണിച്ച് തുടരന്വേഷണം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്തയച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുമെന്ന് ഭയക്കുന്നതായും രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി. വിധി പ്രഖ്യാപനം അടുത്തിരിക്കെയായിരുന്നു കേസിൽ നിർണായക വെളിപ്പെടുത്തലുകളുണ്ടായത്.