കുറവൻകോണത്ത് വീട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ
|മ്യൂസിയം കേസുമായി പ്രതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല
തിരുവനന്തപുരം: തിരുവനന്തപുരം കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റിൽ. മ്യൂസിയം ലൈംഗികാതിക്രമം കേസുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടോടെ കസ്റ്റഡിയിൽ എടുത്തയാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. നിലവിൽ വീട് ആക്രമിച്ച കേസിൽ മാത്രമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മ്യൂസിയം കേസുമായി പ്രതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചൊവ്വാഴ്ച രാത്രിയായിരുന്നു കുറവൻകോണത്ത് അശ്വതിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച 9.45ഓടെ വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കയ്യിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷമാണ് ജനൽചില്ലുകൾ തകർക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച പ്രതി എന്തിനാണ് വീട് ആക്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
വീട് ആക്രമിച്ചതിന് പിന്നാലെ മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വീട് ആക്രമിച്ചത് മ്യൂസിയം കേസിലെ പ്രതി തന്നെയാണോയെന്ന സംശയം ബലപ്പെട്ടത്. എന്നാൽ, ഏറെ നേരം ചോദ്യം ചെയ്തിട്ടും മ്യൂസിയത്തിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം കേസിൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല.