മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞ കേസ്: നടൻ ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനിൽ ഹാജരായി
|മാധ്യമപ്രവർത്തകയുടെ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരിഗണിക്കുന്നുണ്ട്
കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസിന് മുന്നിൽ ഹാജരാവാൻ അൽപ്പം കൂടി സമയം അനുവദിക്കണമെന്ന് ഭാസി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ വിശദീകരണം തേടാൻ നിർമാതാക്കളുടെ സംഘടന നടനെ വിളിച്ചുവരുത്തിയേക്കും.
മാധ്യമപ്രവർത്തകയുടെ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിഗണിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.
അതേ സമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താൻ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.