തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
|നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം
കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം. തലശ്ശേരി സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ (20) പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിയെ പിടികൂടുന്നതിന് പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തലശ്ശേരി എ.സി.പി നിധിൻരാജ് ഈ ആരോപണങ്ങൾ തള്ളി. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതി ശിഹ്ഷാദിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവം അറിഞ്ഞ ഉടനെ നടപടിയെടുത്തെന്നും എസിപി വ്യക്തമാക്കിയിരുന്നു.
നവംബർ മൂന്നിന് രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ശിഹ്ഷാദ് കാർ നിർത്തിയതിനു ശേഷം ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് കയറിയ സമയം ഗണേഷ് എന്ന ആറുവയസുകാരൻ കൗതുകത്തിന് അവിടെയത്തി കാറിൽ ചാരി നിൽക്കുകയായിരുന്നു. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടുകയും യുവാവുമായി സംസാരിക്കുകയും ചെയ്തു. ചവിട്ടേറ്റ ഗണേഷിൻറെ നടുവിന് സാരമായി പരിക്കേറ്റു.
ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ശിഹ്ഷാദ് പറഞ്ഞത്. ഈ സമയത്ത് പൊലീസ് അവിടെയെത്തുകയും ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, കേസെടുക്കാൻ വൈകിയെന്നും എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെ ഡിജിപി അനിൽകാന്ത് അന്വേഷണം പ്രഖ്യാപിക്കുകയും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.