കൊച്ചിയിൽ നവജാത ശിശുവിനെ കൊന്ന കേസ്: യുവതിയെ കസ്റ്റഡിയിൽ വാങ്ങാനാകാതെ പൊലീസ്
|യുവതിയുടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താൻ കഴിയാത്ത അവസ്ഥയുണ്ട്
കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ,അമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ആകാതെ പൊലീസ്. ആദ്യ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുമ്പോഴും യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതാണ് കാരണം. അതിനിടെ പീഡനക്കേസിൽ യുവതിയുടെ സുഹൃത്ത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ വെച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞത്. പ്രസവത്തിനുശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിലാണ് മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പിന്നാലെ പൊലീസ് സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷയും സമർപ്പിച്ചു.
റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുമ്പോഴും യുവതി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആദ്യ റിമാൻഡ് കാലയളവിൽ മാത്രമേ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കഴിയൂ. അതിനാൽ പൊലീസിന് ഇനി യുവതിയെ കസ്റ്റഡിയിൽ വാങ്ങാൻ കഴിയില്ല. ഇതോടെ യുവതിയുടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താൻ കഴിയാത്ത അവസ്ഥയുണ്ട്. നവജാത ശിശുവിന്റെ കൊലപാതകം സംബന്ധിച്ച് പരമാവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രതികരണം.
അതിനിടെ പീഡനക്കേസിൽ യുവതിയുടെ ആൺ സുഹൃത്ത് ഒളിവിൽ തുടരുകയാണ്. കഴിഞ്ഞദിവസം മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതിയോടെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് തൃശ്ശൂർ സ്വദേശിയായ റഫീക്കിനെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ റഫീഖ് ബംഗളൂരുവിൽ വച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.