മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസ്: ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
|നിലമ്പൂർ പൊലീസെടുത്ത കേസിലാണ് ജസ്റ്റിസ് കെ ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്
കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിലമ്പൂർ പൊലീസെടുത്ത കേസിലാണ് ജസ്റ്റിസ് കെ ബാബു മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ ഈ മാസം 17 ന് ഷാജൻ സ്‌കറിയ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.
നേരത്തെ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന പരാതിയിൽ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു. പി.വി അൻവർ എം.എൽ.എ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്നാണ് കേസ്.
കേരളാ പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടർ വയർലസ് സംവിധാനത്തിൽ അനധികൃതമായി കടന്നുകയറിയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയർലസ് സന്ദേശങ്ങൾ ചോർത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.