ഡിവൈഎഫ്ഐയുടെ 'ജീവൻരക്ഷാ പ്രവർത്തനം': മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം, പരാതിയുമായി യൂത്ത് കോൺഗ്രസ്
|മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ആണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ കലാപഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ആണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്.
കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സ് പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തടയാനെത്തിയ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് സുധീഷ് വെള്ളച്ചാൽ ഉൾപ്പെടെയുള്ളവർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഡിവൈഎഫ്ഐ പ്രവർത്തകർ ഹെൽമറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ 14 ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ, പ്രവർത്തകരുടേത് ജീവൻരക്ഷാ പ്രവർത്തണമെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം. മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.