ദലിതുകളും ആദിവാസികളും ശാരീരിക വൈകല്യമുള്ളവരാണെന്നാണോ തിരു. നഗരസഭ മനസിലാക്കുന്നത്?- സണ്ണി എം. കപിക്കാട്
|''ഒരു ടീമിനെ റിക്രൂട്ട് ചെയ്യുമ്പോൾ ഒരാളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പുറന്തള്ളപ്പെടില്ലെന്ന ഉറപ്പാണ് നഗരസഭ ചെയ്യേണ്ടത്. സ്‌പോർട്‌സിന്റെ കാര്യത്തിൽ പോലും പ്രത്യേക പരിഗണന കൊടുത്ത്, സംവരണം കൊടുത്ത് നിലനിർത്തേണ്ട അത്ഭുത ജന്മങ്ങളാണ് ദലിതർ എന്ന വംശീയമായ ധാരണയാണ് ഇതിലുള്ളത്.''
തിരുവനന്തപുരം: എസ്.സി/എസ്.ടി, ജനറൽ വിഭാഗങ്ങളെ വേർതിരിച്ച് കായിക ടീം രൂപീകരിക്കാനുള്ള തിരുവനന്തപുരം കോർപറേഷൻ തീരുമാനം ഒരു മുൻവിധിയുടെ ഭാഗമാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സണ്ണി എം. കപിക്കാട്. ദലിതരും ആദിവാസികളും കായികമായല്ല, സാമൂഹികമായാണ് പിന്നാക്കക്കാരായിരിക്കുന്നതെന്നും അതിനു വേറെ പരിഹാരമാണ് തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ 'ഫസ്റ്റ് ഡിബേറ്റി'ലായിരുന്നു സണ്ണിയുടെ പ്രതികരണം.
കായിക മേഖലയിൽ എന്തിനാണ് പട്ടികജാതി കുട്ടികൾക്കായി പ്രത്യേകമായൊരു റിക്രൂട്ട്‌മെന്റും പ്രത്യേക ടീമും എന്തിനാണ്? ഇതിലൊരു മുൻവിധിയുണ്ട്. പൊതുവായ കുട്ടികളുമായി മത്സരിച്ചാൽ മറ്റു കുട്ടികൾ പുറന്തള്ളപ്പെടുമെന്ന് നഗരസഭ വിചാരിക്കുന്നുണ്ടോ? ശാരീരിക വൈകല്യമുള്ളവരായാണോ നഗരസഭ ഇവരെ മനസ്സിലാക്കിയിട്ടുള്ളത്? ദലിതരും ആദിവാസികളും സാമൂഹികമായാണ് പിന്നാക്കക്കാരായിരിക്കുന്നത്. അതിന് വേറെ പരിഹാരം തേടണം. അവർ കായികമായി വൈകല്യമുള്ളവരല്ല-സണ്ണി എം. കപിക്കാട് പറഞ്ഞു.
''ഒരു ടീമിനെ റിക്രൂട്ട് ചെയ്യുമ്പോൾ ഒരാളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പുറന്തള്ളപ്പെടില്ലെന്ന ഉറപ്പാണ് നഗരസഭ ചെയ്യേണ്ടത്. സ്‌പോർട്‌സിനെ ലോകം മനസിലാക്കുന്നത് ജാതി, മത, വർണ, ദേശങ്ങൾക്കപ്പുറം മനുഷ്യവംശത്തിന്റെ വലിയ കൂട്ടായ്മയായാണ്. സ്‌പോർട്‌സിന്റെ കാര്യത്തിൽ പോലും പ്രത്യേക പരിഗണന കൊടുത്ത്, സംവരണം കൊടുത്ത് നിലനിർത്തേണ്ട അത്ഭുത ജന്മങ്ങളാണ് ദലിതർ എന്ന വംശീയമായ ധാരണയാണ് ഇതിലുള്ളത്. സമൂഹത്തിന് തെറ്റായ, അനാരോഗ്യകരമായ സന്ദേശമാണിത് നൽകുന്നത്.''
പട്ടികജാതി ഫണ്ട് തട്ടിപ്പിൽ വലിയ ഗവേഷണം നടത്തുന്നവരാണ് തിരുവനന്തപുരം നഗരസഭയെന്ന വാർത്തകളിലൂടെ മനസിലാക്കുന്നത്. പട്ടികജാതി ഫണ്ടും ഇതിലൊരു ഉന്നമാണെന്നാണ് പറയുന്നത്. അത്തരമൊരു ഫണ്ട് അവർക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പട്ടികജാതി, പട്ടികവർഗക്കാരെ സാമൂഹികമായി പുറന്തള്ളപ്പെട്ടവരെന്ന നിലയ്ക്കാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Does the Thiruvananthapuram Corporation understand that Dalits and Adivasis are physically challenged?, Sunny M. Kapicadu in caste based sports team row