എം ജി സർവകലാശാലയിലെ ജാതി വിവേചനം; ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലര്‍
|ദീപ പി മോഹന്‍റെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ലെന്നും ഗവേഷണം പൂർത്തിയാക്കാൻ ദീപക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു
എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി ദീപ പി മോഹനെ ജാതീയമായി അധിക്ഷേപിച്ചെന്ന ദീപയുടെ പരാതിയില്‍ നാനോ സയൻസ് വിഭാഗം മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കില്ലെന്ന് വി സി സാബു തോമസ്. നന്ദകുമാറിന് എതിരായ ആരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞതാണ്. ദീപ പി മോഹന്‍റെ ഗവേഷണത്തിൽ ഒരു തരത്തിലും നന്ദകുമാർ ഇടപെടില്ല. ഗവേഷണം പൂർത്തിയാക്കാൻ ദീപക്ക് പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്നും സാബു തോമസ് പറഞ്ഞു.
ഡോ. നന്ദകുമാർ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ദീപയുടെ പരാതി. ഗവേഷണം പൂർത്തിയാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് സർവകലാശാല അറിയിച്ചുവെങ്കിലും ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കുന്നത് വരെ നിരാഹാരം തുടരാനാണ് ദീപയുടെ തീരുമാനം. ദീപ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
29ാം തിയതിയാണ് ദീപാ പി മോഹൻ നിരാഹാര സമരം ആരംഭിച്ചത്. ജാതി വിവേചനം മൂലം പത്ത് വർഷമായി ഗവേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിരാഹാരം. നന്ദകുമാറിനെതിരെയും വിസി സാബു തോമസിനെതിയുമാണ് ദീപ പരാതി ഉന്നയിച്ചിരുന്നത്. ദീപയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാൻ സർവകലാശാല തയ്യാറാകാതെ വന്നതോടെയാണ് ദീപ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.