![Caste harassment at Raj Bhavan; Scheduled Castes and Scheduled Tribes Commission has asked for a report Caste harassment at Raj Bhavan; Scheduled Castes and Scheduled Tribes Commission has asked for a report](https://www.mediaoneonline.com/h-upload/2023/12/07/1400774-raj-bhavan.webp)
രാജ്ഭവനിലെ ജാതി പീഡനം; പട്ടികജാതി-പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
![](/images/authorplaceholder.jpg?type=1&v=2)
രാജ്ഭവനിലെ ഗാർഡൻ ജീവനക്കാരനായിരുന്ന ആദിവാസി യുവാവ് വിജേഷ് കാണി മരിച്ചത് ജാതിപീഡനത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു.
തിരുവനന്തപുരം: രാജ്ഭവൻ ജീവനക്കാരനായിരുന്ന ആദിവാസി യുവാവ് മരിച്ചത് മേലുദ്യോഗസ്ഥരുടെ ജാതിപീഡനം മൂലമാണെന്ന പരാതിയിൽ നടപടിയുമായി സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. സംഭവത്തിൽ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കമ്മീഷൻ നിർദേശം നൽകി. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
രാജ്ഭവനിലെ ഗാർഡൻ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി മരിച്ചത് ജാതിപീഡനത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. മകന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് വിജേഷിന്റെ മാതാപിതാക്കൾ സംസ്ഥാന പട്ടികവർഗ കമ്മീഷനെ സമീപിച്ചത്. ഗാർഡൻ സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവർ മകനെ ക്രൂരമായി മർദിച്ചെന്നും രോഗാവസ്ഥയിലായിരുന്നപ്പോൾ കഠിന ജോലികൾ ചെയ്യിപ്പിച്ചെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിച്ചു. ഇതേത്തുടർന്നാണ് കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന് നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഇക്കാര്യം അന്വേഷിക്കാൻ മ്യൂസിയം പൊലീസിനെ ചുമതലപ്പെടുത്തി. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇത് കൂടാതെ രാജ്ഭവനിലെ ജീവനക്കാരനായിരുന്ന മുരളീധരനും ജാതിപീഡന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്. മീഡിയവൺ വാർത്തയെതുടർന്ന് ഇന്നലെ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തിരുന്നു.