'രക്ഷപ്പെടുത്തണം'; നാട്ടിലേക്ക് വരാൻ സഹായം തേടി മനുഷ്യക്കടത്ത് സംഘത്തിൽ അകപ്പെട്ട യുവതികൾ
|രക്ഷപ്പെട്ട് വന്നവരെ കുവൈത്തിൽ നിന്നും യുവതികൾ ബന്ധപ്പെട്ടു
കൊച്ചി: നാട്ടിലേക്ക് വരാൻ സഹായം തേടി കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ അകപ്പെട്ട യുവതികൾ. രക്ഷപ്പെട്ട് വന്നവരെ കുവൈത്തിൽ നിന്നും യുവതികൾ ബന്ധപ്പെട്ടു. നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് രണ്ടു യുവതികളാണ് തൃക്കാക്കര സ്വദേശിനിയെ വിളിച്ചത്.
യുവതികളെ ഗൾഫിലേക്ക് എത്തിച്ച ഏജന്റും കേസിൽ ഒളിവിലുള്ള രണ്ടാംപ്രതിയും മുഖ്യ സൂത്രധാരനുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുമായ മജീദ് നാല് യുവതികളെ മുറിയിൽ പൂട്ടിയിട്ടത് നേരിട്ട് കണ്ടെന്ന് രക്ഷപെട്ട് എത്തിയ യുവതികൾ മീഡിയവണിനോട് പറഞ്ഞു. കൊല്ലം സ്വദേശിനിയെ അറബിയും മജീദും ചേർന്ന് ബെൽറ്റ് കൊണ്ട് അടിക്കുന്നതാണ് കണ്ടെതെന്നും ഇവർ പറഞ്ഞു.ഏജൻറ് മജീദ് നേരിട്ടെത്താതെ വിടില്ലെന്നാണ് അറബികൾ പറയുന്നതെന്നും ഈ യുവതികള്‍ പറയുന്നു.
മജീദ് ഗള്‍ഫിലേക്ക് കടന്നതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. മജീദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മജീദ് കുവൈത്തിൽ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കുവൈറ്റിൽ നിന്ന് രക്ഷപ്പെട്ടെത്തിയ രണ്ട് പേരുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് മനുഷ്യക്കടത്ത് കേസ് അന്വേഷിക്കുന്നത്. ജോലി വാഗ്‍ദാനം ചെയ്ത് യുവതികളെ കുവൈത്തിലെത്തിച്ച് വിൽപന നടത്തിയ കേസിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രമാണ്.