Kerala
thiruvananthapuram varkala theft death
Kerala

മോഷണക്കേസിൽ പിടിയിലായ നേപ്പാൾ സ്വദേശിയുടെ മരണകാരണം നാട്ടുകാരുടെ മർദനമെന്ന് സംശയം

Web Desk
|
26 Jan 2024 1:12 AM GMT

വീട്ടുജോലിക്കാരി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തിയാണ് മോഷണം

തിരുവനന്തപുരം: വർക്കലയിൽ മോഷണക്കേസിൽ പിടിയിലായ നേപ്പാൾ സ്വദേശി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് കാരണം നാട്ടുകാരുടെ മർദനമെന്ന് സംശയം. പൊലീസിന്റെ പക്കൽ ഏൽപ്പിക്കും മുമ്പ് പ്രതികളായ രാംകുമാർ, ജനക് ഷാ എന്നിവരെ നാട്ടുകാർ ക്രൂരമായി മർദിച്ചത് മരണത്തിലേക്ക് നയിച്ചെന്ന സംശയത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ വെച്ച് മർദനമുണ്ടായിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരം അയിരൂർ പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രാംകുമാർ കുഴഞ്ഞുവീണത്. തുടർന്ന് വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരണം സ്ഥിരീകരിച്ചു.

മോഷണം കഴിഞ്ഞയുടൻ രക്ഷപ്പെടാൻ ശ്രമിച്ച രാംകുമാറിനെ വീടിനോട് ചേർന്ന കമ്പിവേലിയിൽ കുരുങ്ങി അവശനിലയിൽ നാട്ടുകാരാണ് ചൊവ്വാഴ്ച രാത്രി അയിരൂർ പൊലീസിന് കൈമാറിയത്. സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന നേപ്പാൾ സ്വദേശി തന്നെയായ ജനക് ഷായെ ബുധനാഴ്ച രാവിലെയും പിടികൂടി.

മർദനത്തിന്റെ ഫലമായോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായോ ജനക് ഷായുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. മരിച്ച രാംകുമാറിന്റെ ശാരീരിക നിലയും മോശമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാൽ, വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനെത്തുടർന്നാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം വർക്കലയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വർക്കല ഹരിഹരപുരം സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്.

നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി വീട്ടുകാരെ മയക്കിക്കിടത്തിയാണ് മോഷണത്തിന് സഹായിച്ചത്. തുടർന്ന് മോഷണവിവരമറിഞ്ഞ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം.

Related Tags :
Similar Posts