Kerala
പെരിയ കേസ്: രണ്ടാം പ്രതിയെ പൊലീസില്‍ നിന്ന് ബലമായി മോചിപ്പിച്ചത് മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെന്ന് സിബിഐ
Kerala

പെരിയ കേസ്: രണ്ടാം പ്രതിയെ പൊലീസില്‍ നിന്ന് ബലമായി മോചിപ്പിച്ചത് മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെന്ന് സിബിഐ

Web Desk
|
3 Dec 2021 12:58 AM GMT

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയിലേതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ടാം പ്രതി സജി ജോര്‍ജിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചുവെന്നാണ് കുഞ്ഞിരാമനെതിരായ കുറ്റം. ഇന്നലെ അറസ്റ്റ് ചെയ്ത സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കം അഞ്ച് പ്രതികളെ കോടതി റിമാന്‍റ് ചെയ്തു.

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയിലേതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ സിപിഎം നേതാക്കള്‍ അടക്കം 10 പേര്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 5 പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള 5 പേരെ തല്‍ക്കാലം അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിബിഐ ഇന്ന് കോടതിയില്‍ പറഞ്ഞു. 10 പേരുടെയും വിവരങ്ങളും കൊലപാതകത്തില്‍ ഇവരുടെ പങ്കും വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിക്ക് കൈമാറി. ഈ റിപ്പോര്‍ട്ടിലാണ് 20ആം പ്രതിയായ കെ കുഞ്ഞിരാമനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൊല നടന്ന ദിവസം രാത്രി രണ്ടാം പ്രതി സജി ജോര്‍ജിനെ പക്കം എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കെ വി കുഞ്ഞിരാമന്‍ സിജി ജോര്‍ജിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ വി ഭാസ്കരന്‍, സിപിഎം പ്രവര്‍ത്തകരായ ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവന്‍ വെളുത്തോളി എന്നിവരാണ് മറ്റ് പ്രതികള്‍.

കൊലപാതകം ആസൂത്രണം ചെയ്തത് ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ്. അന്ന് ഓഫീസിന്‍റെ ചുമതല ബ്രാഞ്ച് സെക്രട്ടറിയായ രാജേഷിനായിരുന്നു. രാജേഷും മറ്റു പ്രതികളും ചേര്‍ന്ന് കൊലയാളികല്‍ക്ക് ആയുധവും വാഹനങ്ങളും കൈമാറി. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും റൂട്ട് മാപ്പ് കൈമാറിയെന്നും സിബിഐ പറയുന്നു.

Related Tags :
Similar Posts