സിബി മാത്യൂസും ആർ.ബി ശ്രീകുമാറും അടക്കം 5 പ്രതികൾ; ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിലെ കുറ്റപത്ര വിവരങ്ങള് പുറത്ത്
|വ്യാജരേഖ ചമച്ച് പ്രതിയാക്കലും നിർബന്ധപൂർവം കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. മുൻ ഡി.ജി.പി സിബി മാത്യൂസും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാറും അടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. വ്യാജരേഖ ചമച്ച് പ്രതിയാക്കലും നിർബന്ധപൂർവം കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതുമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ബുധനാഴ്ച സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡൽഹി യൂണിറ്റിന്റെ എസ്.പി നേരിട്ടെത്തിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേരളാ പൊലീസിലെയും ഐ.ബിയിലെയും മുൻ ഉദ്യോഗസ്ഥരായ 18 പേരെയാണ് കേസിൽ സി.ബി.ഐ പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ അഞ്ച് പേർക്കെതിരെ മാത്രമാണ് കുറ്റപത്രം. മുൻ ഡി.ജി.പി സിബി മാത്യൂസ്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഇൻസ്പെക്ടർ എസ്. വിജയൻ, മുൻ ഡി.എസ്.പി കെ.കെ ജോഷ്വ, മുൻ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ് ജയപ്രകാശ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമച്ച് ഒരാളെ പ്രതിയാക്കൽ, വ്യാജ തെളിവുണ്ടാക്കൽ, മനഃപൂർവം മുറിവേൽപ്പിക്കുക, ബലം പ്രയോഗിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. എന്തെങ്കിലും തെളിവുകളോ രേഖകളോ ഇല്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണൻ മർദനത്തിന് ഇരയായി. പ്രതികൾ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും സി.ബി.ഐ വ്യക്തമാക്കി. സുപ്രിംകോടതി നിയമിച്ച ജസ്റ്റിസ് ഡി.കെ ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സി.ബി.ഐ ഗൂഢാലോചനക്കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സി.ബി.ഐ അന്വേഷണത്തിലാണ്.