താനൂർ കസ്റ്റഡി മരണക്കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു
|താമിർ ജിഫ്രിയുടെ സഹോദരൻ സി.ബി.ഐക്ക് മൊഴി നൽകി
മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. മരിച്ച താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. പ്രതികളായ ഡാൻ സാഫ് ഉദ്യോഗസ്ഥർ മഞ്ചേരി ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പി കുമാർ റോണകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്നത്. തിരൂർ റെസ്റ്റ് ഹൗസിലാണ് അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നത്. താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സി.ബി.ഐക്ക് മൊഴി നൽകി.
താമിർ ജിഫ്രിക്കെപ്പം പൊലീസ് അറസ്റ്റ് ചെയ്ത 11 പേരുടെ മൊഴിയും അടുത്ത ദിവസങ്ങളിലായി സി.ബി.ഐ രേഖപ്പെടുത്തും. നാല് ഡാൻസാഫ് ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിചേർത്തിരുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും സി.ബി.ഐ കൂടുതൽ പൊലീസുകാരെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
പ്രതികളായ നാല് ഉദ്യോഗസ്ഥരും ഒളിവിലാണ്. രണ്ട് പേർ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. പ്രതികൾ മഞ്ചേരി ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ എഫ്.ഐ.ആര് സമർപ്പിച്ചത്. അതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി കോടതിയിൽ നിന്നും പിൻവലിച്ചത്. അടുത്ത ദിവസം എറണാകുളം സി.ജെ.എം കോടതിയിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.