ലൈഫ് മിഷനിൽ സിബിഐ അന്വേഷണം തുടരും; സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന് നോട്ടീസ്
|സരിത്ത് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ ഹാജരായി
തിരുവനന്തപുരം: ലൈഫ് മിഷനിൽ സിബിഐ അന്വേഷണം തുടരും. ഇതോടനുബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സിബിഐ ഓഫീസിൽ ഹാജരായി. സരിത്തിനോട് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. രാവിലെ 10 മണിക്ക് മുട്ടത്തറ ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം.
എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല. ലൈഫ് മിഷൻ കേസിലാണ് വിളിപ്പിച്ചതെന്നാണ് പറഞ്ഞത്. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും. കേസിൽ പ്രതിയായ സന്തോഷ് ഈപ്പനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി കോടിക്കണക്കിന് രൂപ പ്രതികൾ കൈപ്പറ്റി എന്നതാണ് കേസ്. പണം കൈപ്പറ്റിയതായി പ്രതി സരിത്ത് നേരത്തെ സമ്മതിച്ചതുമാണ്. കമ്മീഷൻ വാങ്ങുന്നത് സ്വാഭാവിക നടപടിയാണ് എന്നതായിരുന്നു പ്രതികൾ നൽകിയ വിശദീകരണം. ആദ്യഘട്ടത്തിൽ വിജിലൻസ് ഇതിൽ അന്വേഷണം നടത്തിയെങ്കിലും പിന്നീട് കോടതി ഇടപെട്ട് അന്വേഷണം തടയുകയായിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.