Kerala
എ.പി അനിൽകുമാറിന്റെ മുൻ സ്റ്റാഫ് അംഗം കേരള ഹൗസിൽ മുറിയെടുത്തു-സോളാർ കേസിൽ പുതിയ മൊഴിയിൽ സി.ബി.ഐ അന്വേഷണം
Kerala

'എ.പി അനിൽകുമാറിന്റെ മുൻ സ്റ്റാഫ് അംഗം കേരള ഹൗസിൽ മുറിയെടുത്തു'-സോളാർ കേസിൽ പുതിയ മൊഴിയിൽ സി.ബി.ഐ അന്വേഷണം

Web Desk
|
5 April 2022 11:48 AM GMT

മുൻ മന്ത്രി എ.പി അനിൽ കുമാർ പരാതിക്കാരിയിൽ നിന്നും പി.പി നസറുള്ള വഴി ഏഴു ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം

ന്യൂഡൽഹി: സോളാര്‍ പീഡനക്കേസിൽ ഡൽഹി കേരള ഹൗസ് കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം. മുൻ മന്ത്രി എ.പി അനിൽകുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012 ൽ അനിൽകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും ‌സിബിഐ അന്വേഷിച്ചു.

കേരള ഹൗസിൽ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്. കേസിൽ അഞ്ച് പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ മന്ത്രി എ.പി അനിൽ കുമാർ പരാതിക്കാരിയിൽ നിന്നും പി.പി നസറുള്ള വഴി ഏഴു ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നീട് കേരള ഹൗസ് കേന്ദ്രീകരിച്ച് തനിക്കെതിരെ ലൈംഗീകാതിക്രമമുണ്ടായെന്നും പരാതിയില്‍ പറയുന്നു. 2012 ൽ കേരള ഹൗസിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തിയതിന് ശേഷം പി.പി നസറുള്ളയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയുമോയെന്നാണ് സിബിഐ ചോദിച്ചത്. എന്നാൽ പലർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം.

ചിലയാളുകൾ മുഖ പരിചയമുണ്ടെന്ന് മാത്രമാണ് സിബിഐയ്ക്ക് മൊഴി നൽകിയത്. അതേസമയം ഹൈബി ഈഡനെതിരായ പരാതിയിലും സിബിഐ അന്വേഷണം നടത്തി. ഹൈബി ഈഡൻ ഉപയോഗിച്ചിരുന്നു എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നൽകാനായി എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയും എത്തിയിരുന്നു. ഹൈബി ഈഡൻ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.പരിശോധനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

2021 ജനുവരിയിലാണ് സോളാർ പീഡന കേസ് സിബിഐയ്ക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇപ്പോൾ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ, മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂർ പ്രകാശ് എന്നിവർക്കെതിരയാണ് എഫ്ഐആർ.

Similar Posts