Kerala
വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐ; കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ
Kerala

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐ; കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ

Web Desk
|
27 Dec 2021 2:23 PM GMT

ബലാത്സംഗം, ആത്മഹത്യ പ്രേരണ, പോക്‌സോ എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്താണ് സിബിഐയുടെ കുറ്റപത്രം

വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്ന സിബിഐ കുറ്റപത്രം തള്ളി പെൺകുട്ടികളുടെ അമ്മ. വാളയാർ സഹോദരിമാരുടേത് ആത്മഹത്യയാണെന്നും നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.

പൊലീസ് പിടികൂടിയ പ്രതികൾ തന്നെയാണ് കുറ്റവാളികളെന്ന് വിശദീകരിച്ച സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്ത കൃഷ്ണനാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയത്.

മരിച്ച ആദ്യ പെൺകുട്ടിയെ കൊലപ്പെടുത്തയത് വി.മധു, ഷിബു, എം മധു എന്നിവരാണ്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വി. മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്ത്രിൽ വ്യക്തമാക്കിയിരിക്കുന്നു. ബലാത്സംഗം, ആത്മഹത്യ പ്രേരണ, പോക്‌സോ എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്താണ് സിബിഐയുടെ കുറ്റപത്രം.

അതേ സമയം സിബിഐ സമർപ്പിച്ച കുറ്റപത്രം ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയുന്നതല്ലായെന്ന് വാളയാർ സമര സമിതി നേതാവ് സി.ആർ നീലകണ്ഠൻ പറഞ്ഞു. ഒന്നുകിൽ സിബിഐ ഗൗരവത്തോടെയല്ല കേസിനെ സമീപിച്ചത്, അല്ലെങ്കിൽ ആദ്യമേ സംശയിക്കുന്നത് പോലെ കേസിൽ അട്ടിമറി നടന്നിട്ടുണ്ടാകും എന്നാണ് പറയാനുള്ളത്. കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts