'താമിർ ജിഫ്രിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണം'; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
|തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു
താമിർ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താമിറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷം വളരെ കരുതലോടെയുള്ള സമീപനമാണ് ഈ കേസിൽ സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിനോടും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയോടും ഈ വിഷയം എന്ത് കൊണ്ടാണ് നിയമസഭയിൽ ഉന്നയിക്കുന്നില്ല എന്ന ചോദ്യത്തിന് കൂടുതൽ വ്യക്തത വരട്ടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരട്ടെ എന്ന നിലപാടായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറ്ത്തു വന്ന സാഹചര്യത്തിൽ പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കുമെന്നത് ഉറപ്പാണ്. ഇതിന്റെ മുന്നോടിയാണ് രമേശ് ചെന്നിത്തലയുടെ കത്ത്.
താമിർ ജിഫ്രി കുറ്റകൃത്യങ്ങളിലോ നിയമവിരുദ്ധ പ്രവർത്തനത്തിലോ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അയാളെ ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തിൽ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷ വാങ്ങി നൽകുന്നതിന് പകരം കസ്റ്റഡിയിൽ വെച്ച് മൃഗീയമായി മർദിച്ച് കൊലപ്പെടുത്താൻ പൊലീസിന് യാതൊരു അധികാരവുമില്ല. പൊലീസ് ഇനി ഈ കേസ് അന്വേഷിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടും. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.