താനൂർ കസ്റ്റഡി മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു
|അന്വേഷണത്തിന്റെ ഭാഗമായി താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെ എടുക്കും.
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
എഫ്.ഐ.ആർ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെ എടുക്കും.
കേസ് അന്വേഷണം സിബിഐക്ക് വിട്ട് ആഗസ്റ്റ് 10ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കൽ വൈകുകയായിരുന്നു. ഇതോടെ, അടിയന്തര സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) അംഗങ്ങൾ അടക്കം പ്രതികളായ കേസിൽ അടിയന്തര സിബിഐ ഇടപെടൽ ആവശ്യപ്പെട്ട് മരിച്ച താമിർ ജിഫ്രിയുടെ ജ്യേഷ്ഠൻ ഹാരിസ് ജിഫ്രി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
താമിർ ജിഫ്രിയെ അതിക്രൂരമായി മർദിച്ചാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞിരുന്നു. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നും ഹാരിസ് ജിഫ്രി വ്യക്തമാക്കിയിരുന്നു.
താനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ വിപിൻ, ആൽബിൻ ആഗസ്റ്റിൻ എന്നിവർ വിദേശത്തേക്ക് കടന്നതായി താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികൾ വിദേശത്തേക്ക് കടന്നതെന്നും കുടുംബം പറഞ്ഞിരുന്നു. നേരത്തെ, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പരിപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു.