സ്‌കൂൾ സിലബസിലെ ബുൾഡോസിങ് നീക്കം ചെറുക്കണം: ഐ.എൻ.എൽ
|''വരുംതലമുറക്ക് മതേതരമൂല്യങ്ങൾ അന്യമാക്കാനും അതുവഴി നാനാത്വത്തിന്റെ അന്തസ്സത്ത കുഴിച്ചുമൂടാനും യഥാർത്ഥ ചരിത്രത്തെയും നാഗരിക വികാസങ്ങളെയും പടിക്കുപുറത്ത് നിർത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഇസ്‌ലാമിക സാമ്രാജ്യവും മുഗിള ചരിത്രവും ചേരിചേരാ പ്രസ്ഥാനവുമൊക്കെ വെട്ടിമാറ്റാൻ തീരുമാനിച്ചിക്കുന്നത്.''
കോഴിക്കോട്: സി.ബി.എസ്.ഇ 10, 11, 12 ക്ലാസുകളിലെ സിലബസിൽനിന്ന് ജനാധിപത്യവും നാനാത്വവും ഇസ്‌ലാമിക ഭരണകൂടങ്ങളും പ്രതിപാദിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. പാഠ്യപദ്ധതി ഹിന്ദുത്വവത്ക്കരിക്കാനുള്ള ആർ.എസ്.എസിന്റെ നീണ്ടനാളത്തെ ഗൂഢാലോചനയുടെ ഏറ്റവുമൊടുവിലത്തെ നടപടിയാണ് സിലബസിലെ ഈ ബുൾഡോസിങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരുംതലമുറക്ക് മതേതരമൂല്യങ്ങൾ അന്യമാക്കാനും അതുവഴി നാനാത്വത്തിന്റെ അന്തസ്സത്ത കുഴിച്ചുമൂടാനും യഥാർത്ഥ ചരിത്രത്തെയും നാഗരിക വികാസങ്ങളെയും പടിക്കുപുറത്ത് നിർത്തേണ്ടതുണ്ട്. അതുകൊണ്ടാണ് ഇസ്‌ലാമിക സാമ്രാജ്യവും മുഗിള ചരിത്രവും ചേരിചേരാ പ്രസ്ഥാനവുമൊക്കെ വെട്ടിമാറ്റാൻ തീരുമാനിച്ചിക്കുന്നത്. വിഖ്യാതനായ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വിപ്ലവാശയങ്ങൾ ഉൾക്കൊള്ളുന്ന കവിതകൾ ഒഴിവാക്കിയതും ഫെഡറിലിസം, ദേശീയത, മതനിരപേക്ഷത തുടങ്ങിയ പാഠഭാഗങ്ങൾ നിർബന്ധമല്ലാതാക്കിയതും ഹിന്ദുരാഷ്ട്രം സ്വപ്നം കാണുന്നവരുടെ കുത്സിത നീക്കമാണ്- അദ്ദേഹം വിമർശിച്ചു.
വിദ്യാർഥികൾക്ക് മതനിരപേക്ഷ, പുരോഗമന, ജനാധിപത്യ ആശയങ്ങൾ പകർന്നുനൽകേണ്ടതില്ല എന്ന സംഘ്പരിവാറിന്റെ കുടിലചിന്ത ഇന്ത്യയെ നൂറ്റാണ്ടുകൾക്ക് പിന്നോട്ട് നയിക്കാനുള്ള അറുപിന്തിരിപ്പൻ പദ്ധതിയുടെ ഭാഗമാണ്. ആ നീക്കം പരാജയപ്പെടുത്തേണ്ടത് എല്ലാ വിഭാഗത്തിന്റെയും ബാധ്യതയാണെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Summary: INL state general secretary Kasim Irikkur has called for a united move against the attempt to remove sections on democracy, diversity and Islamic rule from the CBSE Class 10, 11 and 12 syllabus