Kerala
ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവ്; പ്രതിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
Kerala

'ചുവന്ന ഷര്‍ട്ട് ധരിച്ച യുവാവ്'; പ്രതിയുടേതെന്ന് സംശയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

Web Desk
|
3 April 2023 5:37 AM GMT

ആരെയോ ഫോണ്‍ വിളിക്കുകയും തുടര്‍ന്ന് ഒരു ബൈക്ക് വന്ന് അതില്‍ കയറിപ്പോകുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺവിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴി നൽകിയിരുന്നു. 25 വയസുള്ള യുവാവാണ് അക്രമം നടത്തിയതെന്നാണ് സൂചനയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. ട്രെയിനിലെ ശൗചാലയത്തിൽ നിന്ന് കാൽ കഴുകിയാണ് ഇയാൾ ഇറങ്ങിപ്പോയതെന്ന് യാത്രക്കാർ പറയുന്നത്. ഇത് പ്രതിയുടെ സി.സി.ടി.വി ദൃശ്യമാണോ എന്ന് ഉറപ്പില്ല.

ട്രെയിനിൽ ആക്രമണം നടത്തിയ പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന. പ്രതിയുടെ രേഖാ ചിത്രം പൊലീസ് തയ്യാറാക്കും. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പ്രതിയെ അടുത്ത് നിന്ന് കണ്ടതും ഇയാളെക്കുറിച്ച് നിർണായകമായ വിവരങ്ങൾ കൈമാറിയതും റാസിഖായിരുന്നു. തീപിടിത്തത്തിൽ ഇയാളുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സ തേടിയ ശേഷം റാസിഖ് എലത്തൂർ പൊലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീവെച്ച ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടെന്നാണ് സൂചന.ഇയാളുടേതെന്ന് കരുതന്ന ബാഗും ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പരിശോധനയും നടന്നുവരികയാണ്.


Similar Posts