താരങ്ങളുടെ തൃക്കാക്കര; മമ്മൂട്ടിയും ഹരിശ്രീ അശോകനും രണ്‍ജി പണിക്കരും വോട്ട് ചെയ്തു
|മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കമുള്ളവരാണ് ഇവിടുത്തെ താരവോട്ടര്‍മാര്
കൊച്ചി: സിനിമാതാരങ്ങള്‍ ഒരുപാടുള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കമുള്ളവരാണ് ഇവിടുത്തെ താരവോട്ടര്‍മാര്‍. പതിവ് പോലെ മമ്മൂട്ടി തന്‍റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പൊന്നുരുന്നിയിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും നിര്‍മാതാവ് ആന്‍റോ ജോസഫമുണ്ടായിരുന്നു.തൃക്കാക്കര മണ്ഡലത്തിലെ 64/A ബൂത്തിലാണ് താരം വോട്ട് ചെയ്തത്.
സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ''നല്ലൊരാളെ തെരഞ്ഞെടുക്കണം, നല്ലൊരാള്‍ വരണമെന്നാണ് ആഗ്രഹമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. നല്ല വികസനങ്ങള്‍ ഉണ്ടാവുന്ന തരത്തിലുള്ള ഒരു എം.എല്‍.എ ആകണം. ഈ മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചെയ്യാന്‍ സാധിക്കും'' ഹരിശ്രീ അശോകന്‍ പറഞ്ഞു. അര്‍ജുന്‍ അശോകന്‍ വോട്ട് ചെയ്യാനെത്തിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നും ഷൂട്ടിലാണെന്നുമായിരുന്നു നടന്‍റെ മറുപടി. എന്നാല്‍ ഭാര്യ വന്നിട്ടുണ്ടെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൃത്യമായ തീരുമാനത്തോടെയാണ് എല്ലാ വര്‍ഷവും വോട്ട് ചെയ്യാനെത്തുന്നതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. ആ തീരുമാനം രഹസ്യ ബാലറ്റായതുകൊണ്ട് പുറത്തുപറയാന്‍ പാടില്ലല്ലോ? വോട്ട് ചെയ്യുന്നത് ധര്‍മത്തിന്‍റെ ഒരു ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഒരു പൗരനെന്ന നിലയില്‍ നിവൃത്തിയുണ്ടെങ്കില്‍ വോട്ട് ചെയ്യുക എന്നതാണ് തന്‍റെ രീതിയെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
താനൊരു പാര്‍ട്ടിയുടെയും ആളല്ലെന്ന് നടന്‍ ലാല്‍ പറഞ്ഞു. അന്ന് ട്വന്‍റി ട്വന്‍റി നല്ലതായിട്ട് തോന്നി. എന്നാല്‍ ഞാനാ പാര്‍ട്ടിയില്‍ അംഗമൊന്നുമല്ല. നടിയെ ആക്രമിച്ച കേസ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതിൽ തെറ്റില്ലെന്നും ലാല്‍ വ്യക്തമാക്കി.
നടന്‍ ജനാര്‍ദ്ദനനും വോട്ട് ചെയ്തു. നടി കാവ്യ മാധവനും തൃക്കാക്കരയിലെ വോട്ടറാണ്. റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവരും ഈ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സംവിധായകന്‍ വിനയന്‍ ഉച്ചക്ക് ശേഷമായിരിക്കും വോട്ട് രേഖപ്പെടുത്തുക. സംവിധായകന്‍ സിദ്ദിഖ്, നടനും സംവിധായകനുമായ ലാല്‍ എന്നിവരും വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷ.