മാസപ്പടി: കെ.എസ്.ഐ.ഡി.സി.യെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് ആർ.ഒ.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം
|കേന്ദ്രത്തിന്റെ മറുപടി സത്യവാങ്മൂലത്തിന്റെ പകർപ്പ് മീഡിയവണിന്
കൊച്ചി: മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സി.യെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് ആർ.ഒ.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്രം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കേന്ദ്രത്തിന്റെ മറുപടി സത്യവാങ്മൂലത്തിന്റെ പകർപ്പ് മീഡിയവൺ പുറത്തുവിട്ടു.
സി.എം.ആർ.എല്ലുമായി ദൈനംദിന ഇടപാടുകൾ ഇല്ലെന്നാണ് കെ.എസ്.ഐ.ഡി.സി പറഞ്ഞത്.എന്നാൽ സി.എം.ആർ.എൽ ബോർഡിൽ കെ.എസ്.ഐ.ഡി.സി നിർദേശിച്ച ഡയറക്ടറും ഉണ്ടായിരുന്നു.ഇത് സി.എം.ആർ.എൽ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി)ക്ക് നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ഇക്കാര്യം കൊണ്ട് തന്നെ ഷെയർഹോൾഡർ എന്ന നിലയിൽ കെ.എസ്.ഐ.ഡി.സിക്ക് അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ല.ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
ഷോണ്‍ ജോർജിന്റെ പരാതി ലഭിച്ച ഉടൻ തന്നെ ആർ.ഒ.സി എറണാകുളം യൂണിറ്റ് കെ.എസ്.ഐ.ഡി.സിയോട് വിശദീകരണം തേടിയിരുന്നു.ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടും മറുപടി നൽകിയില്ല.സമയപരിധി അവസാനിച്ചതിന് ശേഷമാണ് സി.എം.ആർ.എല്ലുമായി ഷെയർഹോൾഡർ എന്ന ബന്ധം മാത്രമാണ് ഉള്ളതെന്ന മറുപടി കെ.എസ്.ഐ.ഡി.സി നൽകിയത്
സി.എം.ആർ.എല്ലി ന്റെ രണ്ടാമത്തെ വലിയ ഷെയർഹോൾഡർ കെ.എസ്.ഐ.ഡി.സി ആണെന്നാണ് പരാതി. 13.4% ഓഹരിയും കെ.എസ്.ഐ.ഡി.സിക്ക് ഉണ്ടായിരുന്നു.
ഈ ആരോപണത്തിന് കെ.എസ്.ഐ.ഡി.സി വ്യക്തമായി മറുപടി നൽകിയില്ല.അതിനെ തുടന്നാണ് കെ.എസ്.ഐ.ഡി.സി യെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാമെന്ന് ആർ.ഒ.സി ബംഗലുരു യൂണിറ്റ് ശിപാർശ നൽകിയത്.വിഷയത്തിൽ പൊതുതാൽപര്യമില്ലെന്ന് പറഞ്ഞ് മാറിനിൽക്കാൻ കെ.എസ്.ഐ.ഡി.സിക്ക് കഴിയില്ലെന്നും കേന്ദ്രം.