എലത്തൂർ തീവണ്ടി ആക്രമണ കേസ്: ഷാരൂഖ് സെയ്ഫിയുടെ പശ്ചാത്തലം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ
|തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ.
കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമണ കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര ഏജൻസികൾ. സെയ്ഫിയുടെ കഴിഞ്ഞ 10 വർഷത്തെ ജീവിതമാണ് അന്വേഷിക്കുന്നത്. തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ.
ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കൾ, ഉപയോഗിച്ച മൊബൈൽ ഫോണുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. സംസ്ഥാന പൊലീസിന്റെ അന്വേഷണവും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഷാരൂഖിന് കേരളത്തിൽനിന്നടക്കം മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും അന്വേഷണ ഏജൻസികൾ പരിശോധിക്കും.
ആക്രമണം നടത്താനുപയോഗിച്ച പെട്രോൾ ഷൊർണൂരിൽനിന്നാണ് വാങ്ങിയതെന്നാണ് ഷാരൂഖിന്റെ മൊഴി. ട്രെയിനിൽ തീയിട്ട ശേഷം പരിഭ്രാന്തനായി ഓടിയപ്പോൾ ബോഗിയുടെ വാതിലിന് സമീപം വെച്ചിരുന്ന ബാഗ് തട്ടി പാളത്തിലേക്ക് വീണതാണെന്നാണ് ഷാരൂഖ് പൊലീസിന് നൽകിയ മൊഴി.