മകളിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നത് - എം.വി ഗോവിന്ദന്
|ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗിക വിലയിരുത്തലാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു
തിരുവനന്തപുരം: കോടിയേരിയുടെ മക്കളെക്കാള്‍ പിണറായിയുടെ മകളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മകളിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജന്‍സി ലക്ഷ്യമിടുന്നതെന്നും അതിനെയാണ് പാര്‍ട്ടി പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ 'നേതാവ്' പരിപാടിയിലാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗിക വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. 'കഴിഞ്ഞതവണ ലഭിച്ചതിന്റെ ഇരട്ടിയുടെ ഇരട്ടി സീറ്റുകള്‍ ഉറപ്പായും ലഭിക്കും. 20 സീറ്റിലും ജയിക്കണമെന്ന് ആഗ്രഹിച്ചാണ് മത്സരം. തെരഞ്ഞെടുപ്പ്ഫലം പാര്‍ട്ടി സെക്രട്ടറിയുടെ പ്രവര്‍ത്തന വിലയിരുത്തലാകില്ലെന്നും'എം.വി ഗോവിന്ദന് പറഞ്ഞു.
മീഡിയവണ്‍ പരിപാടിയില്‍ സി.എ.എ, പാനൂര്‍ സ്ഫോടനം അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി. കേന്ദ്ര ഏജൻസികളുടെ നടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്ര ഏന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ ലക്ഷ്യം വെച്ചിരുന്നു. കഴിഞ്ഞ തവണ എട്ട് ഏജന്‍സിയാണെങ്കില്‍ ഇത്തവണ അത് പന്ത്രണ്ട് ഏജന്‍സിയായി വര്‍ധിച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.