Kerala
സിൽവർ ലൈനിനായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും
Kerala

സിൽവർ ലൈനിനായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

Web Desk
|
24 March 2022 12:56 AM GMT

കേന്ദ്രാനുമതി ലഭിച്ചാൽ വിദേശവായ്പയടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്

സിൽവർ ലൈൻ പദ്ധതിക്കായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. പ്രതിഷേധങ്ങൾ വ്യാപകമാകുന്നെങ്കിലും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ തിരക്കിട്ട ഡൽഹി യാത്ര.

കേന്ദ്രാനുമതി ലഭിച്ചാൽ വിദേശവായ്പയടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പ്രതിഷേധ സമരങ്ങൾ വ്യാപകമാവുകയും പ്രതിപക്ഷം സമരത്തിന് പ്രത്യക്ഷമായി ഇറങ്ങുകയും ചെയ്തതോടെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്. കെ-റെയിൽ കല്ലിടൽ ഒരു ക്രമസമാധാന പ്രശ്‌നമായി വളർന്നിട്ടും സർക്കാരും മുന്നണിയും പിന്നോട്ട് പോകുന്നില്ല. പദ്ധതിയിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മുഖ്യമന്ത്രി മറ്റൊരു നിർണ്ണായക നീക്കം കൂടിയാണ് നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രിയെ കാണുമ്പോൾ കെ റെയിൽ പ്രധാനവിഷയമായി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

കെ-റെയിലിന്റെ സാമൂഹ്യാഘാത പഠനം അടക്കമുള്ള മറ്റ് നടപടികൾ പൂർത്തീകരിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. കെ റെയിൽ എംഡിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചോദിക്കാൻ സാധ്യതയുണ്ട്. സമരങ്ങൾ രാഷ്ട്രീയലാഭം നേടാൻ വേണ്ടി നടത്തുന്നതാണെന്ന നിലപാടായിരിക്കും മുഖ്യമന്ത്രി അറിയിക്കുക. ദേശീയ പാത വികസനവും, വിവിധ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം വർധിപ്പിക്കണമെന്നാവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നിൽ വയ്ക്കും.

Similar Posts