Kerala
central government says that the K Rail land acquisition process is illegal
Kerala

കെ റെയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ അനധികൃതമെന്ന് കേന്ദ്ര സർക്കാർ

Web Desk
|
26 July 2023 1:01 PM GMT

ഭൂമി ഏറ്റെടുക്കുന്നതിനായി കേരള സർക്കാർ നേരത്തെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇപ്പോൾ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കെ റെയിൽ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് ഒരിക്കലും റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദേശമോ നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. കേന്ദ്രാനുമതി വേണ്ട പദ്ധതിയ്ക്ക് അനുമതി ലഭിക്കും മുമ്പ് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.

ഭൂമി ഏറ്റെടുക്കുന്നതിനായി കേരള സർക്കാർ നേരത്തെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇപ്പോൾ മറ്റിടങ്ങളിലേക്ക് മാറ്റി നിയമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുള്ള പദ്ധതിയെന്ന നിലയിൽ ആദ്യം അനുമതി, പിന്നീട് പദ്ധതി നിർവഹണം എന്ന രീതിക്ക് പകരം ആദ്യം തന്നെ അനുമതിയില്ലാതെ പദ്ധതി നിർവഹണം തുടങ്ങുക എന്ന രീതിയാണ് കേരള സർക്കാർ പിന്തുടർന്നത്. ഒരു പദ്ധതിയുടെ നിർവഹണത്തിൽ പിന്തുടരുന്ന സാധാരണ രീതികൾക്ക് വിരുദ്ധമായാണ് കേരള സർക്കാർ നടപടികൾ സ്വീകരിച്ചു വന്നിരുന്നതെന്ന് ഈ ഉത്തരത്തിൽനിന്ന് വ്യക്തമാണെന്ന് ഹൈബി ഈഡൻ പറഞ്ഞു.

കേന്ദ്ര റെയിൽവേ ബോർഡ് കെ റെയിൽ സംബന്ധിച്ച് വ്യക്തതയില്ലാത്ത കാര്യങ്ങൾ വിശദീകരിക്കണമെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലുള്ള വിശദീകരണം കെ.ആർ.ഡി.സി.എൽ ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. സമാനമായ ചോദ്യങ്ങൾക്ക് കെ. മുരളീധരൻ എംപിയും നോട്ടീസ് നൽകിയിരുന്നു.



Similar Posts