Kerala
Prakash Javadekar vs K Surendran
Kerala

ആരും രാജിവയ്ക്കുന്നില്ല; കെ .സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം

Web Desk
|
25 Nov 2024 6:00 AM GMT

ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു

ഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം. ആരും രാജിവയ്ക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നു. ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിജയസാധ്യത അട്ടിമറിക്കുന്ന രീതിയിൽ ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ചുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ എടുക്കുമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിച്ചു. ജില്ലാ നേതാക്കൾക്കും പ്രാദേശിക നേതാക്കൾക്കും എതിരെ നടപടിക്ക് സാധ്യതയുണ്ട്.

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോൽവിക്ക് പിന്നാലെ ബിജെപിയിൽ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കൾ പോലും കൈയൊഴിഞ്ഞുതുടങ്ങി. പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കൾ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തിൽപ്പെടും. സ്ഥാനാർഥി നിർണയത്തിൽ വന്ന പാളിച്ചയാണ് തോൽവിക്ക് പ്രധാനകാരണം എന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്.



പാലക്കാട് വോട്ട് കുറഞ്ഞത് ഗൗരവകരമെന്നാണ് വിലയിരുത്തൽ.സന്ദീപ് വാര്യർ പാർട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലർത്തിയ നേതൃത്വത്തിന്‍റെ നിലപാട് വിനയായെന്നും വിമർശനമുണ്ട്. എന്നാൽ തോൽ‌വിയിൽ സുരേന്ദ്രന്‍റെ സ്ഥിരം വിമർശകരായ പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar Posts