സിക്ക വൈറസ്; കൊതുകിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് നിര്‍ദേശം
|സിക്ക രോഗബാധിത പ്രദേശങ്ങളായ കിംസ് ആശുപത്രി, പാറശാല എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു
സിക്ക സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊതുകിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് കേന്ദ്ര സംഘത്തിന്‍റെ നിർദേശം. സിക്ക രോഗബാധിത പ്രദേശങ്ങളായ കിംസ് ആശുപത്രി, പാറശാല എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു.
ഗർഭിണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണം, പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരിൽ പരിശോധിക്കുന്ന മറ്റ് രോഗങ്ങളുടെ പട്ടികയിൽ സിക്കയും ഉൾപ്പെടുത്തണം, എല്ലാ ആരോഗ്യപ്രവർത്തകർക്കും സിക്ക വൈറസ് പരിശോധന നടത്താനും കേന്ദ്രസംഘം നിർദേശം നല്‍കിയതായി തിരുവനന്തപുരം ഡി.എം.ഒ പറഞ്ഞു.മൂന്നാം ഘട്ടത്തിൽ അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം വരാനുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പാറശാല, നന്തൻകോട്, ആനയറ സ്വകാര്യ ആശുപത്രി എന്നീ സ്ഥലങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിള്ളത്. നാളെയും സംഘത്തിന്‍റെ സന്ദർശനം തുടരും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിക്ക സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ ടെസ്റ്റ് കിറ്റുകൾ ലഭിച്ചാൽ പരിശോധന സംവിധാനം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.