Kerala
The central team to visit Wayanad tomorrow to prepare the plan for the reconstruction of the Mundakkai landslide disaster area., Mundakkai landslide, Wayanad landslide
Kerala

പുനർനിർമാണ രൂപരേഖ തയാറാക്കാൻ കേന്ദ്രസംഘം നാളെ വയനാട്ടിൽ

Web Desk
|
25 Aug 2024 2:10 PM GMT

ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും കേന്ദ്രസംഘമെത്തുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം നാളെ വയനാട്ടിലെത്തും. ദുരന്താനന്തര പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കാനാണു സന്ദർശനം.

17 വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും. അന്തിമ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.

അതിനിടെ, ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 29നാണ് യോഗം ചേരുന്നത്. വൈകീട്ട് 4.30ന് ഓൺലൈനായാണ് യോഗം നടക്കുക. റവന്യൂ-ഭവനനിർമാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി-പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

ദുരന്ത മേഖലയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തി. അസ്ഥിഭാഗങ്ങളും മുടിയും ഉൾപ്പെടെ ആറു ശരീരഭാഗങ്ങളാണ് ലഭിച്ചത്. ആനടിക്കാപ്പിൽ-സൂചിപ്പാറ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. അവയവങ്ങ‌ളുടെ ഡി.എൻ.എ പരിശോധന നടത്തും.

Summary: The central team to visit Wayanad tomorrow to prepare the plan for the reconstruction of the Mundakkai landslide disaster area

Similar Posts