Kerala
Suprabhatham- Mustafa Mundupara
Kerala

'സുപ്രഭാതത്തിന്'നയംമാറ്റം ഇല്ല, ഗൾഫ് എഡിഷൻ ഉദ്ഘാടനം തീരുമാനിച്ചത് ലീഗ് നേതാക്കളുമായി ആലോചിച്ച്':സി.ഇ.ഒ മുസ്തഫ മുണ്ടുപാറ

Web Desk
|
23 May 2024 3:13 AM GMT

''ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നയം തീരുമാനിച്ചത്. വാർത്തയിലും പരസ്യത്തിലും എല്ലാ വിഭാഗത്തെയും പരിഗണിക്കുക എന്നതാണ് നയം''

കോഴിക്കോട്: സുപ്രഭാതം പത്രത്തിന് നയംമാറ്റം ഉണ്ടായിട്ടില്ലെന്ന് സി.ഇ.ഒ മുസ്തഫ മുണ്ടുപാറ. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നയം തീരുമാനിച്ചത്. വാർത്തയിലും പരസ്യത്തിലും എല്ലാ വിഭാഗത്തെയും പരിഗണിക്കുക എന്നതാണ് നയം. സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടന തീയതി തീരുമാനിച്ചത് ലീഗ് നേതാക്കളുമായി ആലോചിച്ചാണെന്നും മുണ്ടുപാറ വിശദീകരിച്ചു.

പത്രത്തിന് നയമാറ്റമുണ്ടായെന്ന് സുപ്രഭാതം എഡിറ്റർ ബഹാവുദീൻ നദ്‍വി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്രം സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം സുപ്രഭാതം പത്രത്തിന് നയംമാറ്റമുണ്ടെന്ന ചാനല്‍ പ്രതികരണം നടത്തിയതിന്, സമസ്ത മുശാവറ അംഗവും സുപ്രഭാതം പത്രത്തിന്റെ എഡിറ്ററുമായ ബഹാഉദ്ദീന്‍ നദ്‌വിയോട്‌ സമസ്ത വിശദീകരണം തേടി. രണ്ടു ദിവസത്തിനകം സമസ്ത നേതൃത്വത്തിന് വിശദീകരണം നൽകാനാണ് നിർദേശം.

സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിമര്‍ശനം. എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു.

അതേസമയം മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. സമസ്തയുമായി ഭിന്നതയില്ലെന്നും സുപ്രഭാതവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പരസ്യം സുപ്രഭാതം പ്രസിദ്ധീകരിച്ചതിനെതിരെ ലീഗ് പ്രവർത്തകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ പത്രത്തിന് കൃത്യമായ പോളിസിയുണ്ടെന്നും യു.ഡി.എഫ് പരസ്യം ലഭിക്കാത്തതിനാലാണ് നൽകാതിരുന്നത് എന്നുമായിരുന്നു മാനേജ്ന്റ് വിശദീകരണം.

Related Tags :
Similar Posts