Kerala
അരിക്കൊമ്പനെ പിടികൂടിയ സിമൻ്റ് പാലത്തിന് സമീപം തമ്പടിച്ച് ചക്കക്കൊമ്പനും കൂട്ടുകാരും
Kerala

അരിക്കൊമ്പനെ പിടികൂടിയ സിമൻ്റ് പാലത്തിന് സമീപം തമ്പടിച്ച് ചക്കക്കൊമ്പനും കൂട്ടുകാരും

Web Desk
|
30 April 2023 7:52 AM GMT

ആനക്കൂട്ടത്തെ ജാഗ്രതയോടെ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ അരിക്കൊമ്പനെ പിടികൂടിയ സിമൻ്റ് പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. ചക്കക്കൊമ്പനും മൊട്ടവാലനും അരിക്കൊമ്പനൊപ്പമുള്ള പിടിയാനയും അടക്കമുള്ള കാട്ടാന കൂട്ടമാണ് സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്. സഞ്ചാരപാതക്ക് സമീപം കാട്ടാനകൂട്ടം ഇറങ്ങിയത് ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്. ആനക്കൂട്ടത്തെ ജാഗ്രതയോടെ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

മിഷൻ അരിക്കൊമ്പൻ വിജയകരമാണെന്ന് ഡോ. അരുൺ സഖറിയ പറഞ്ഞിരുന്നു. കുമളിയിൽ എത്തിച്ച അരിക്കൊമ്പന്‍റെ നീക്കങ്ങളെല്ലാം വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ തീർത്ത പ്രതിരോധവും, പ്രതികൂല കാലാവസ്ഥയും മറികടന്ന് ഇന്ന് പുലർച്ചയോടെയാണ് ദൗത്യ സംഘം ആനയെ കുമളിയിൽ എത്തിച്ചത്. കടുവാ സങ്കേതത്തിലെ ആദിവാസി വിഭാഗം പ്രത്യേക പൂജയോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്.

ഒന്നര ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂർ കൊണ്ടാണ് വാഹനത്തിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ അടക്കമുള്ള നാല് കുംകിയാനകളും, ദൗത്യ സംഘവും വളരെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കീഴ്‌പ്പെടുത്തിയത്.

വൈകീട്ട് 5.30 ഓടെയാണ് അരിക്കൊമ്പനെ കയറ്റിയ വാഹനം ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്ക് തിരിച്ചത്. വനം വകുപ്പിന് പുറമെ പൊലീസ്, റവന്യൂ വകുപ്പുകളുടെ വാഹനങ്ങളും അരിക്കൊമ്പന്റെ വാഹനത്തെ അനുഗമിച്ചു. 10.15-ഓടെ വാഹനം കുമളിയിലെ പെരിയാർ കടുവ സങ്കേതത്തിലെത്തി. പ്രത്യേകം പൂജകളോടെയായിരുന്നു മാന്നാർ ആദിവാസി വിഭാഗം അരിക്കൊമ്പനെ സ്വീകരിച്ചത്. പുലർച്ചെയോടെ കുമളിയിൽനിന്ന് 23 കിലോമീറ്റർ മാറി മേതകാനം വനമേഖലയിൽ ആനയെ തുറന്നു വിട്ടു. ഇനി പെരിയാർ വനത്തിലായിരിക്കും അരിക്കൊമ്പന്റെ വാസം.

Similar Posts