'ചക്കാല' സമുദായം ഇനി 'ചക്കാല നായർ': മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയാം
|ദാസ, പാർക്കവകുലം സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാന ഒ.ബി.സി പട്ടികയിൽപ്പെട്ട 'ചക്കാല' വിഭാഗത്തിന്റെ സമുദായപ്പേര് 'ചക്കാല നായർ' എന്നാക്കി മാറ്റും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ദാസ, പാർക്കവകുലം സമുദായങ്ങളെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ(Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaithalaivar, Elavaniar, Elavaniya, Elavania) എന്ന് മാറ്റംവരുത്താനും തീരുമാനമായിട്ടുണ്ട്. ദാസ സമുദായത്തിനൊപ്പം പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെയും സംസ്ഥാന ഒ.ബി.സി പട്ടികയിൽപ്പെടുത്തും. ഒ.ബി.സി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ്, പണ്ഡിതർ എന്ന് മാറ്റും.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ്‌വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവിസസിനെ നിർവഹണ ഏജൻസിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഭാഗമാകാതെ സംസ്ഥാനം ആവിഷ്‌ക്കരിച്ച പദ്ധതിയുമായാണു മുന്നോട്ടുപോകുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണിത്.
വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. എസ്.ഐ.യു.സി ഒഴികെ ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്.ഇ.ബി.സി (Socially and Educationally Backward Classes (SEBC) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും. മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അസോസിയേറ്റ് പ്രൊഫസർ തലത്തിലുള്ള ഒരു എൻ.എം.ആർ ഫാക്കൽറ്റി തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.
Summary: The name of the 'Chakkala' community in the state OBC list will be changed to 'Chakkala Nair'